Society Today
Breaking News

കൊച്ചി: കേരള തീരത്തിന്റെ പടിഞ്ഞാറ് നിന്നും സംശയാസ്പദമായി കണ്ട ഇറാനിയന്‍ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ തീരദേശ സേനയുടെ നേതൃത്വത്തില്‍ പിടികൂടി. ബോട്ടില്‍ ആറു മല്‍സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവര്‍ കന്യാകുമാരി,തമിഴ്‌നാട് മേഖലയിലുള്ളവരാണെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയ ബോട്ടും മല്‍സ്യതൊഴിലാളികളെയും കൊച്ചിയിലേക്ക് കൊണ്ടുപോന്നു.

കേന്ദ്ര,സംസ്ഥാന ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ ദേശ വിരുദ്ദ പ്രവര്‍ത്തനത്തിനെത്തിയവരെല്ലും ഇറാനിയന്‍ സ്വദേശിയായ സ്‌പോണ്‍സറുടെ പീഢനം സഹിക്കവയ്യാതെ അവിടെ നിന്നും രക്ഷപെട്ട് വന്ന മല്‍സ്യതൊഴിലാളികളാണെന്നുമാണ് വിവരം.ഇറാന്‍ സ്വദേശി സയ്യിദ് സൗദ് അന്‍സാരിയുടെ ഉടമസ്ഥതയിലുളളതാണ് ബോട്ട് എന്നും ഇറാന്‍ തീരത്ത് നിന്ന് മത്സ്യബന്ധനം നടത്തുന്നതിന് ഇവര്‍ക്ക് ഇറാനിയന്‍ വിസ നല്‍കികൊണ്ടു പോയതാണെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ സ്‌പോണ്‍സര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും തങ്ങള്‍ക്ക്് അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ബോട്ടിലുണ്ടായിരുന്ന മല്‍സ്യതൊഴിലാളികള്‍ തീരദേശ സേനയോട് വ്യക്തമാക്കി..സ്‌പോണ്‍സര്‍ തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചിരിക്കുന്നതിനെ തുടര്‍ന്ന് ഇതേ മല്‍സ്യബന്ധന ബോട്ടില്‍ ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപെട്ടുവരികയായിരുന്നുവെന്നും ഇവര്‍ തീരദേശ സേനയോട് വ്യക്തമാക്കിയതായാണ് വിവരം.


 

Top